ന്യൂഡല്‍ഹി: യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതൽ ദുരിതത്തിലായെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. യുക്രൈൻ രക്ഷാദൗത്യം വിലയിരുത്താനാണ് യോഗം.
കേന്ദ്രസര്‍ക്കാരിന്‍റെ യുക്രൈന്‍ ദൗത്യത്തിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രശ്‌നബാധിത മേഖലകളിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ സുരക്ഷയാണ് യോഗത്തിലെ മുഖ്യ അജണ്ട.
റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് രൂക്ഷവിമർശനമാണ് കേന്ദ്രസർക്കാരിനെതിരെ ഉയർത്തിയത്. രക്ഷാദൗത്യത്തിനായി സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് കോൺഗ്രസ് വിമർശിച്ചു.
മോദി സർക്കാർ യുവാക്കളെ ഉപേക്ഷിച്ചു. യുക്രൈനിലെ വിദ്യാർത്ഥികളെ മന്ത്രി പ്രഹ്ലാദ് ജോഷി അപമാനിച്ചു. രക്ഷാപ്രവർത്തനമല്ല, നടക്കുന്നത് പ്രചാരണം മാത്രമെന്നും കോൺഗ്രസ് വിമർശിച്ചു. വിദ്യാർത്ഥിയുടെ മരണത്തിൽ രാഹുൽ ഗാന്ധി അനുശോചിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്. വിദ്യാർഥികളെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സർക്കാരിന് വ്യക്തമായ പദ്ധതി വേണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
ഇന്ന് വൈകീട്ടോടെയാണ് ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്ത് വരുന്നത്. കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് നവീൻ. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടതെന്ന് അപ്പാർട്ട്മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫൽ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥികളെല്ലാം മരണഭയത്തിലാണ്.