തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ വച്ച് നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ച സുരേഷ് സദാചാരാ പോലീസ് ചമഞ്ഞ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതിക്കാരായ ദമ്പതികള്‍. ജഡ്ജിക്കുന്ന് കാണാനെത്തിയ തന്നെയും ഭാര്യയെയും സുഹൃത്തിനെയും ബന്ദിയാക്കി ആക്രമികൾ മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചുവെന്നും നിഖിൽ പറയുന്നു.
തങ്ങള്‍ അവിടെയത്തിയപ്പോള്‍ പത്തംഗസംഘം കൂടിയിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സംഘമാണ് കുന്നിലേക്ക് വഴി കാണിച്ചുനൽകിയത്. ശരിക്ക് വഴിയില്ലാത്തതിനാല്‍ അങ്ങോട്ട് പോകുന്നതില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചിരുന്നു.
ഫാമിലിയായത് കൊണ്ട് ഇവിടെ പ്രശ്നങ്ങള്‍ ഒന്നുമുണ്ടാകില്ലെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് പിന്തുടര്ന്ന് ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. വിവാഹം കഴിച്ചതാണെങ്കില്‍ അതിന്റെ തെളിവുകാണണമെന്നും ഇവര്‍ പറഞ്ഞതായും നിഖിൽ പറയുന്നു.
ഷാഡോ പോലീസാണെന്ന് പറഞ്ഞായിരുന്നു ഇവരുടെ ആക്രമണം. സുരേഷായിരുന്നു ക്രൂരമായി മര്‍ദിച്ചത്. ഭാര്യ കണ്ട്രോള് റൂമില്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് പോലീസ് എത്തിയതോടെ ആക്രമിപസംഘം ഒടി രക്ഷപെടുകയായിരുന്നുവെന്നും ദമ്പതികൾ വ്യക്തമാക്കി.