കൊച്ചി: ഉക്രയ്‌ൻ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. റഷ്യ യുദ്ധത്തിൽ നിന്ന് പിന്തിരിയണം. ഒരു രാജ്യത്തിൻ്റെ സുരക്ഷ മറ്റൊരു രാജ്യത്തെ ബാധിക്കരുത്. അമേരിക്ക നാറ്റോ വ്യാപിപ്പിക്കില്ലെന്ന ഉറപ്പ് പാലിക്കണമെന്നും യെച്ചൂരി പറയുന്നു. സിപിഐ എം സംസ്ഥാന സമ്മേളനം പ്രതിനിധി സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധ സാഹചര്യത്തിലേക്ക് ഇരു രാജ്യങ്ങളെയും കൊണ്ടെത്തിച്ചതിൽ അമേരിക്കയുടെ പങ്ക് വളരെ വലുതാണ്. വിഷയത്തിൽ നാറ്റോ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക പാലിച്ചില്ല. റഷ്യ സങ്കുചിത ദേശീയ വാദത്തെ ശക്തിപ്പെടുത്തി. ആയിരക്കണക്കിന് ഇന്ത്യൻ പൗരൻമാർ യുദ്ധഭീതിയിൽ ജന്മനാട്ടിലേക്ക് മടങ്ങി എത്താൻ ശ്രമം നടത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടപടികൾ ഫോട്ടോ ഷൂട്ടുകളാക്കി മാറ്റുകയാണെന്നും യെച്ചൂരി വ്യക്തമാക്കി.