ഡൽഹി: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ദരിദ്രരായ കച്ചവടക്കാരുടെ സ്ഥാപനങ്ങളുടെ വാടക ഡൽഹി സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ വാഗ്ദാനം നടപ്പിലാക്കണമെന്ന ഡൽഹി ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. 2020 മാർച്ച് 29 ന് നടത്തിയ പത്രസമ്മേളനത്തിൽ പാവപ്പെട്ട കച്ചവടക്കാരുടെ വാടക നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വാഗ്ദാനം നടപ്പിലാക്കാത്തതിനെ തുടർന്ന് കച്ചവടക്കാർ കോടതിയെ സമീപിച്ചു. 2021 ജൂലായ് 22ന് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രതിഭാ സിംഗ് മുഖ്യമന്ത്രി നൽകിയ വാഗ്ദാനം പാലിക്കണമെന്ന് വിധിച്ചു.
മുഖ്യമന്ത്രി നൽകിയ ഉറപ്പ് നടപ്പാക്കാൻ നയം രൂപീകരിക്കാൻ നടപടി എടുക്കാനും വാഗ്ദാനം നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചാൽ കാരണം ബോധിപ്പിക്കാനും സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ ഡൽഹി സർക്കാർ നൽകിയ ഹർജിയിലാണ് പ്രസംഗത്തിലോ വാർത്താ സമ്മേളനത്തിലോ നൽകുന്ന ഉറപ്പുകൾ പ്രാബല്യത്തിൽ വരുത്താൻ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും അതില്ലാതെ സർക്കാരിന് അത്തരം ഉറപ്പുകൾ നടപ്പാക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരിക്കുന്നത്.