മമ്മൂട്ടിയെ (Mammootty) നായകനാക്കി അമൽ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വത്തിൻറെ (Bheeshma Parvam) സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങളൊക്കെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പുതിയ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. രതിപുഷ്‍പം എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോൻ. എൺപതുകളിലും മറ്റും കേട്ടുശീലിച്ച മട്ടിലുള്ള ഗാനവും ആലാപനവുമാണ് ഗാനത്തിൻറേത്.
അതേസമയം ചിത്രം തിയറ്ററുകളിലെത്താൻ രണ്ട് ദിവസം കൂടിയേ ബാക്കിയുള്ളൂ. ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം എത്തുന്ന അമൽ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ബിഗ് ബിയുടെ തുടർച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് (Amal Neerad) ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പർവ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കർ, അഡീഷണൽ ഡയലോഗ്‍സ് ആർജെ മുരുകൻ. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം, വരികൾ റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ബാബു, ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈൻ തപസ് നായക്, സ്റ്റണ്ട് ഡയറക്ടർ സുപ്രീം സുന്ദർ, അസോസിയേറ്റ് ഡയറക്ടർ ലിനു ആൻറണി. ഡിസൈൻ ഓൾഡ് മങ്ക്സ്. പിആർഒ ആതിര ദിൽജിത്ത്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.