കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈൻഡ്രൈവിൽ തുടക്കമായി. മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തിയതോടെ നാല് ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചു. പ്രതിനിധി സമ്മേളനം സിതാറാം യെച്ചൂരി ഉദ്ഘാടനം നിർവഹിക്കും. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ സമ്മേളനം നടത്തുന്നത്.
മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടും എത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി തുടർഭരണം ലഭിച്ചതിന്റെ പകിട്ടോടെയാണ് ഇത്തവണ സംസ്ഥാന സമ്മേളനം. പ്രവർത്തന സംഘടനാ റിപ്പോർട്ടുകൾക്ക് പുറമെ സംസ്ഥാന ഭരണം സംബന്ധിച്ച പ്രത്യേക രേഖയും സമ്മേളനത്തിൽ അവതരിപ്പിക്കും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരള രേഖ അവതരിപ്പിക്കുന്നത്.