മസ്‌കറ്റ് : കൊവിഡ് നിയന്ത്രണങ്ങളിൽ (Covid restrictions) കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ. ഒമാനിലേക്ക് വരുന്നവർക്ക് ഇനി മുതൽ പിസിആർ പരിശോധന നടത്തേണ്ട ആവശ്യമില്ല. രാജ്യത്തേക്ക് വരുന്നവർക്കുള്ള ആർടി പിസിആർ പരിശോധന (PCR test) മാർച്ച് ഒന്നു മുതൽ നിർബന്ധമില്ലെന്ന് കൊവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു.
കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെയാണ് പിസിആർ പരിശോധനയിൽ നിന്നൊഴിവാക്കിയത്. പൊതുസ്ഥലങ്ങളിൽ ഇനി മുതൽ മാസ്‌ക് നിർബന്ധമല്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ നടത്തുന്ന പരിപാടികൾക്ക് മാസ്‌ക് നിർബന്ധമാണ്. ഹോട്ടലുകൾ 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. മാർച്ച് ആറു മുതൽ സ്‌കൂളുകളിലും കോളേജുകളിലും മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാം. ഹാളുകളിലും മറ്റും നടക്കുന്ന എക്‌സിബിഷനുകൾക്ക് മുൻപ് നിശ്ചയിച്ച പ്രകാരം 70 ശതമാനം ആളുകൾക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ.