മസ്‌കറ്റ്: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാന്‍. ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധന നടത്തേണ്ട ആവശ്യമില്ല. രാജ്യത്തേക്ക് വരുന്നവര്‍ക്കുള്ള ആര്‍ടി പിസിആര്‍ പരിശോധന മാര്‍ച്ച് ഒന്നു മുതല്‍ നിര്‍ബന്ധമില്ലെന്ന് കൊവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെയാണ് പിസിആര്‍ പരിശോധനയില്‍ നിന്നൊഴിവാക്കിയത്.
പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ഹോട്ടലുകള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് ആറു മുതല്‍ സ്‌കൂളുകളിലും കോളേജുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാം. ഹാളുകളിലും മറ്റും നടക്കുന്ന എക്‌സിബിഷനുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച പ്രകാരം 70 ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ.