വാഷിംഗ്ടൺ ഡിസി: റഷ്യ- യുക്രൈന് യുദ്ധം കനക്കുന്നതിനിടെ തങ്ങളുടെ പൗരന്മാരോട് ഉടന്‍ റഷ്യ വിടണമെന്ന് അമേരിക്കയുടെ നിര്‍ദേശം. ബെലാറസിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. റഷ്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും മടങ്ങാനാണ് എംബസി നിര്‍ദേശം.
നയതന്ത്ര ഉദ്യോഗസ്ഥരോടും മടങ്ങിയെത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, ബെലാറൂസിലെ യുഎസ് എംബസി അടക്കുകയും ചെയ്തു.
യുക്രെയിലെ സാഹചര്യം പ്രവചനാതീതമാണെന്നും മുന്നറിയിപ്പില്ലാതെ റഷ്യ ആക്രമണങ്ങള്‍ നടത്തുകയാണെന്നും പൗരന്മാര്ക്ക് നല്കിയ ജാഗ്രത നിര്‍ദേശത്തില്‍ യുക്രെയ്നിലെ അമേരിക്കന്‍ എംബസി വ്യക്തമാക്കിയിരുന്നു.
അതേസമയം ജര്‍മനി ഉള്‍പ്പെടെ 27 രാജ്യങ്ങള്‍ക്കുള്ള വ്യോമപാത റഷ്യ അടച്ചു. സ്പെയിന്, ഇറ്റലി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കുള്ള പ്രവേശവും റഷ്യ വിലക്കി.
ജനീവയില്‍ നടക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിലും റഷ്യ പങ്കെടുക്കില്ല. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ജനീവയിലേക്കുള്ള യാത്ര റദ്ദുചെയ്തു. യൂറോപ്യന്‍ യൂണിയന് വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് യാത്ര റദ്ദുചെയ്തത്.