ബിപി, അഥവാ രക്തസമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ വളരെ നിരവധിയാണ്. ജീവിതശൈലീരോഗങ്ങളുടെ പട്ടികയിലാണ് ബിപിയെ നാം ഉള്‍പ്പെടുത്താറെങ്കിലും നിസാരമായി കാണാവുന്നൊരു പ്രശ്‌നമല്ല ഇത്. ഇതിന്റെ പ്രധാന കാരണമെന്തെന്നാല്‍ ഹൃദയാഘാതം , പക്ഷാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മെ നയിക്കുന്നതില്‍ ബിപിക്ക് നല്ലൊരു പങ്കുണ്ട് എന്നതാണ്.
ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മാത്രമല്ല പല അസുഖങ്ങളുടെയും കാരണമായോ, അവയിലേക്ക് നയിക്കുന്ന ഘടകമായോ ബിപി പ്രവര്‍ത്തിക്കാറുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ബിപി നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ചികിത്സ തേടേണ്ടവരാണെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടേണ്ടതുണ്ട്. ഒപ്പം തന്നെ ജീവിതരീതികളില്‍ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരാം. അത്തരത്തില്‍ ബിപി നിയന്ത്രിക്കാന്‍ സഹായകമായ ചില ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ് എന്തൊക്കെയെന്ന് നമുക്ക് നോക്കാം…
ഒന്ന്
അമിതമായ മദ്യപാനം, പതിവായ മദ്യപാനം എന്നിവയെല്ലാം ബിപി ഉയര്‍ത്തുന്നതിന് കാരണമാകാം. അതിനാല്‍ മദ്യപാനം നിര്‍ത്തുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുന്നത് നല്ലതായിരിക്കും.
കുറഞ്ഞ സമയത്തില്‍ കൂടുതല്‍ മദ്യപിക്കുന്നവരിലും ബിപി മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് വളരെ സാധ്യതകളേറെയാണ്.
രണ്ട്
‘മഗ്നീഷ്യം’ കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ബിപി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. പല പഠനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. ഇലക്കറികള്‍, ഡാര്‍ക് ചോക്ലേറ്റ്, നേന്ത്രപ്പഴം, പയറുവര്‍ഗങ്ങള്‍, ബ്രൗണ്‍ ബ്രെഡ് എന്നിവയെല്ലാം മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളാണ്.
മൂന്ന്
മഗ്നീഷ്യത്തിനൊപ്പം തന്നെ പൊട്ടാസ്യം കാര്യമായി അടങ്ങിയ ഭക്ഷണവും ഡയറ്റിലുള്‍പ്പെടുത്താം. ഇതും ബിപി നിയന്ത്രിക്കാന്‍ വളരെയേറെ സഹായകമാണ്. ഉരുളക്കിഴങ്ങ്, ഓറഞ്ച്, കൂണ്‍, ഉണക്കമുന്തിരി, ഈന്തഴം, ട്യൂണ, മുന്തിരി എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
നാല്
പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും അത് അവസാനിപ്പിക്കണം. ബിപിയില്‍ വ്യതിയാനം വരുന്നതിന് പുകവലി വലിയ ഒരു കാരണമാകും.