തിരുവനന്തപുരം: എസ്എംഎ ക്ലിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ഒരു ക്ലിനിക്ക് അനിവാര്യമാണെന്ന് ബോധ്യമായതിന്റെ പശ്ചാത്തലത്തില്‍ നിരവധി ചര്‍ച്ചകളുടേയും ഇടപെടലുകളുടേയും ഫലമായാണ് സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ എസ്എംഎ ക്ലിനിക്ക് ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. എസ്എടി ആശുപത്രിയിലെ എസ്എംഎ ക്ലിനിക്ക് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്‌ച എന്ന നിലയിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭാവിയില്‍ ഈ സേവനം ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.