റിയാദ് : സൗദി അറേബ്യയിൽ നാലു മേഖലകളിൽ നിന്നായി പുതുതായി അഞ്ച് പ്രകൃതി വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി സൗദി അരാംകോ അറിയിച്ചു. പ്രതിദിനം നൂറ് ദശലക്ഷം ക്യുബിക് അടിയിലധികം ഇന്ധനം ഉത്പാദിപ്പിക്കാൻ കഴിയുന്നവയാണ് പുതിയ പാടങ്ങളെന്ന് അധികൃതർ അറിയിച്ചു. മധ്യമേഖല, റുബുഉൽ ഖാലി, വടക്കൻ അതിർത്തി, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. വൈദ്യുതി ഉത്‌പാദനത്തിനായി കത്തുന്ന എണ്ണയുടെ അളവ് കുറയ്ക്കാനുംം കൂടുതൽ ലാഭകരമായ രീതിയിൽ ഇന്ധന കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുംം വാതക ഉത്പാദനത്തിന് കൂടുതൽ ഊന്നൽ കൊടുക്കുന്ന സമയത്താണ് രാജ്യം പുതിയ വാതക പാടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
മധ്യമേഖലയിൽ റിയാദിൽ നിന്ന് തെക്കുകിഴക്ക് 180 കിലോമീറ്റർ മാറി ‘ഷാദൂൻ’, റുബുഉൽ ഖാലിയിലെശൈബയിൽ നിന്ന് പടിഞ്ഞാറ് 70 കിലോമീറ്റർ അകലെ ‘ശെഹാബ്’, ശൈബയിൽ നിന്ന് തന്നെ 120 കിലോമീറ്റർപടിഞ്ഞാറ് ‘ശുർഫ’, വടക്കൻ അതിർത്തിയിൽ അറാറിൽ നിന്ന് 71 കിലോമീറ്റർ കിഴക്ക് ‘ഉമ്മുഖൻസർ’, കിഴക്കൻ പ്രവിശ്യയിലെ ദഹ്‌റാനിൽ നിന്ന് 221 കിലോമീറ്റർ വടക്ക് ‘സംന’ എന്നിവയാണ് പുതുതായി കണ്ടെത്തിയ പ്രകൃതിവാതക പാടങ്ങൾ.