ഗുജറാത്ത് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരേണ്ടത് ലോകത്തെ അഹിംസാ മന്ത്രം പഠിപ്പിച്ച മഹാത്മാ ഗാന്ധിയെയാണ്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഗുജറാത്ത് എന്ന് കേൾക്കുമ്പോൾ ഹിംസാത്മകമായ കുറെ സംഭവങ്ങൾ, കരഞ്ഞ കുറെ മുഖങ്ങൾ, ആക്രോശിക്കുന്ന ചില ശബ്ദങ്ങൾ എന്നിവയാണ് നമ്മുടെയൊക്കെ മുന്നിൽ വരിക. ഇതിന് വഴിയിട്ട ഗുജറാത്ത് വംശഹത്യക്ക് ഇപ്പോൾ രണ്ട് പതിറ്റാണ്ട് തികയുകയാണ്.
ആയിരത്തിലേറെ മനുഷ്യരുടെ ജീവൻ അപഹരിക്കുകയും പതിനായിരക്കണക്കിന് പേരെ വീടും ഭൂമിയും നഷ്ടപ്പെട്ടവരാക്കുകയും നിരവധി സ്ത്രീകളുടെ മാനത്തിന് വിലപറയുകയും നിരവധിപേരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും നിരവധി ആരാധനാലയങ്ങൾ തകർക്കപ്പെടുകയും ചെയ്ത ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമമായ സംഭവങ്ങളിൽ ഒന്നാണ് ഗുജറാത്ത് വംശഹത്യ. 2002 ഫെബ്രുവരി 28 മുതൽ അരങ്ങേറിയ സംഭവങ്ങൾക്ക് സർക്കാർ ഒത്താശയുണ്ടായിരുന്നു എന്നത് പലപ്പോഴായി പുറത്തുവന്ന റിപ്പോർട്ടുകളിൽ വ്യക്തമാണ്.
2002 ഫെബ്രുവരി 27 ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ്-6 കോച്ചിന് തീപിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. 59 പേരാണ് അന്ന് ട്രെയിനിൽ കൊല്ലപ്പെട്ടത്. ഗോധ്രയിലെ ട്രെയിൻ തീവെച്ചത് മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരാണെന്ന പ്രചാരണം കാട്ടുതീ പോലെയാണ് ഗുജറാത്തിൽ പടന്നത്. തീവെപ്പിന്റെ പാപഭാരം മുസ്‌ലിം സമുദായത്തിന്റെ തലയിൽ മൊത്തത്തിൽ വെച്ച് കെട്ടിയതോടെ അത് അവരെ തല്ലാനും കൊല്ലാനും മാനഭംഗപ്പെടുത്താനും കൊള്ളയടിക്കാനുമുള്ള ലൈസൻസ് ആയി മാറി. പോലീസ് കലാപകാരികൾക്ക് നേരെ കണ്ണടക്കുകയും അവർക്ക് കൂട്ട് നിൽക്കുകയും കൂടി ചെയ്തതോടെ ഗുജറാത്തിലെ മുസ്‌ലിം സമുദായത്തിന് ഒരിക്കലും മറക്കാനാവാത്ത സംഭവമായി അത് മാറി. ഇത് ഇന്ത്യൻ മതേതരത്വത്തിന്റെ, രാഷ്ട്രീയത്തിന്റെ ഭാവി കീഴ്മേൽ മറിച്ച ദിനം കൂടിയായി.
കലാപത്തിൽ 1,044 പേർ കൊല്ലപ്പെട്ടെന്നും 223 പേരെ കാൺമാനില്ലെന്നുമാണ് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നേതൃത്വം നൽകിയ ജനകീയ വസ്തുതാന്വേഷണ സംഘം 1,926 പേർക്ക് ജീവഹാനി സംഭവിച്ചെന്നാണ് വിലയിരുത്തിയത്. അതായത് സർക്കാർ കണക്കിനേക്കാൾ 882 പേർ അധികം കൊല്ലപ്പെട്ടെന്ന് ജനകീയ വസ്തുതാന്വേഷണ റിപ്പോർട്ട് പറയുന്നു. മറ്റുപല കണക്കുകൾ പ്രകാരം രണ്ടായിരത്തിലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും വംശഹത്യക്ക് മൗനാനുവാദം നൽകിയിരുന്നതായി പിന്നീട് തെഹൽക്കയുൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം നൽകിയിരുന്ന തീവ്ര ഹിന്ദു വിഭാഗമായ ബജ്‌റംഗ്ദൾ നേതാവ് ബാബു ബജ്റംഗിയോട് സംഭവത്തെ കുറിച്ച് തെഹല്‍ക്ക പ്രതിനിധി ചോദിച്ചപ്പോള്‍ അദ്ദേഹം നൽകിയ മറുപടി മാത്രം മതി എത്രത്തോളം ക്രൂരതയാണ് ഈ മനസുകളിൽ ഉള്ളതെന്ന് വ്യക്തമാക്കാൻ. ‘ഞാനത് ആസ്വദിക്കുന്നു, അവസരം കിട്ടിയാല്‍ ഇനിയും കൊല്ലും’ എന്നായിരുന്നു ബാബു ബജ്റംഗിയുടെ അന്നത്തെ പ്രതികരണം. ഇത്തരം വിഷലിപ്തമായ മനസുകളുടെ ആഹ്വാനം കേട്ട് അശോക് മോച്ചിയെ പോലെയുള്ളവർ വാളും ഊരി കൊല്ലാൻ പുറപ്പെടുകയായിരുന്നു.
കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ നിരവധി പേർ അന്ന് പിടിയിലായെങ്കിലും പലരും കുറ്റവിമുക്തരാക്കപ്പെട്ടു. ഗോധ്ര സംഭവം ആസൂത്രിതമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച നാനാവതി കമീഷന്‍ കണ്ടെത്തിയത്. എന്നാൽ റെയില്‍വേ മന്ത്രാലയം നിയോഗിച്ച യു സി ബാനര്‍ജി കമീഷനാകട്ടെ തീപിടിത്തം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിലയിരുത്തി. ഗുജറാത്ത് സർക്കാർ ഈ വാദം തള്ളിയെങ്കിലും റെയില്‍വേ മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോർട്ട് തന്നെയായിരുന്നു ശരി. ബാക്കി എല്ലാം ആസൂത്രിതമായി ഉണ്ടാക്കിയെടുത്തതായിരുന്നു.
കൂട്ടക്കൊലകളും സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും കൊള്ളയും തുല്യതയില്ലാത്ത ക്രൂരതകളും എങ്ങും അരങ്ങേറിയെങ്കിലും ചുരുക്കം ചില സംഭവങ്ങളിൽ മാത്രമാണ് കൃത്യമായ കേസന്വേഷണവും ശിക്ഷാവിധിയുമുണ്ടായത്. മതഭ്രാന്ത് മൂത്ത് കൊലവിളി നടത്തിയവരിൽ ചിലർ അധികാര സ്ഥാനങ്ങളിൽ ഇപ്പോഴും വാഴുന്നുണ്ട്. കലാപഭൂമിയാക്കി സംഹാരതാണ്ഡവമാടിയ പലരും ഇപ്പോഴും യാതൊരു ശിക്ഷയും ലഭിക്കാതെ സസുഖം വാഴുന്നുണ്ട്. ബാബു ബജ്റംഗി പറഞ്ഞ മനോഭാവമാണ് അവർക്കും ഉള്ളതെങ്കിൽ അവർ അടുത്തൊരു ക്രൂരതക്കായി മൂർച്ചകൂട്ടുകയാവാം.
ഉറ്റവരെ നഷ്ടപ്പെട്ടവരും ജീവിതം തകർന്നുപോയവരും 20 വർഷമായി നീതിക്കായി കാത്തിരിപ്പ് തുടരുകയാണ്. അന്ന് കുട്ടികൾ ആയിരുന്ന പലരും ഇന്ന് മുതിർന്നവരായി. അന്ന് പരിക്കേറ്റവരും ജീവിതം തകർന്നവരും പിന്നീട് മരിച്ചു പോയി. പലരും നീതിക്കായി അലയുകയാണ്. ടീസ്ത സെതല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട്, ഷബ്നം ഹാഷ്മി, ഹര്‍ഷ് മന്ദിര്‍, റാണ അയ്യൂബ്, നിരവധി എന്‍ജിഒകള്‍, ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരുടെ ബലത്തിലാണ് ഏതാനും പേർക്കെങ്കിലും ശിക്ഷ വാങ്ങി നൽകാനായത്. എന്നാൽ മുന്നിൽ നിന്നവർക്കെതിരെയുള്ള പ്രതികാര നടപടി മറ്റൊരു വശത്ത് ഇപ്പോഴും അരങ്ങേറുന്നുണ്ട്. മുഖ്യമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് ഭരണകൂടവും കലാപത്തിൽ വഹിച്ച പങ്ക് വെളിപ്പെടുത്തിയ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് ഇപ്പോൾ തടവറക്കുള്ളിലാണ്. മാധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ നടപടി തുടരുന്നു. ടീസ്ത സെതല്‍വാദ് ഉൾപ്പെടെയുള്ളവർക്ക് നേരെ നിരവധി കേസുകൾ എടുത്തു.
20 വർഷം കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവായി ശേഷിക്കുന്ന ഗുജറാത്ത് ഇപ്പോഴും നീതി നൽകിയിട്ടില്ല. കൈകൂപ്പി നിലവിളിക്കുന്ന, ഗുജറാത്ത് വംശഹത്യയുടെ വേദനിപ്പിക്കുന്ന അടയാളമായ അന്‍സാരിയെ പോലുള്ളവർ ഇപ്പോഴും പോരാടുകയാണ്, ഇന്ത്യൻ നീതി ദേവത കണ്ണിലെ കറുത്ത തുണിമാറ്റി സത്യം കാണുമെന്ന പ്രതീക്ഷയിൽ…