മസ്കത്ത്: ലോക രാജ്യങ്ങൾ വൻ ജലക്ഷാമ ഭീഷണിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലും ഒമാൻ അറബ് രാജ്യങ്ങളിലെ ജലക്ഷാമ ഭീഷണി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ. കുവൈത്തിലെ അറബ് ഗൾഫ് സെൻറർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് നടത്തിയ പഠനത്തിൽ നിരവധി ഗൾഫ് രാജ്യങ്ങൾ വൻ ഭൂഗർഭ ജലക്ഷാമ ഭീഷണിയാണ് നേരിടുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഭൂഗർഭ ജലക്ഷാമ ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ 19ാം സ്ഥാനത്താണ് ഒമാൻ. 20ാം സ്ഥാനത്ത് സോമാലിയയും ഏറ്റവും മുകളിൽ കോംറോസുമാണ്.
അറബ് രാജ്യങ്ങളിൽ ഭൂഗർഭ ജലഭീഷണി എറ്റവും കൂടുതൽ നേരിടുന്ന രാജ്യം ഫലസ്തീനാണ്. അവിടെ നടക്കുന്ന സംഘർഷങ്ങളിൽ പരിസ്ഥിതിക്ക് കേടുപറ്റുന്നത് ഭൂഗർഭ ജലം കുറയാൻ പ്രധാന കാരണമായി കരുതുന്നു. അറബ് രാജ്യങ്ങളിൽ ജലക്ഷാമ ഭീഷണി നേരിടുന്ന രണ്ടാമത്തെ രാജ്യം ഖത്തറാണ്. ജോർഡൻ മൂന്നാമതും ലെബനാൻ നാലാമതുമാണ്. ഈജിപ്ത് അഞ്ചാമതും കുവൈത്ത് ആറാമതുമാണ്. യു.എ.ഇ ഏഴും ലിബിയ എട്ടും സ്ഥാനത്താണ്. ബഹ്റൈൻ , സിറിയ, മോറിത്താനിയ , തുനീഷ്യ, അൽജീരിയ, മൊറോക്കോ, സുഡാൻ, സൗദി അറേബ്യ , യമൻ , ഇറാഖ് എന്നിവർ യഥാക്രമം 9 മുതൽ18 വരെയാണ് പട്ടികയിൽ. അറബ് രാജ്യങ്ങളിലും ജി.സി.സി.യിലും ഏറ്റവും കുറഞ്ഞ ജലക്ഷാമ ഭീഷണിയുള്ള രാജ്യമായി ഒമാൻ മാറി. വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി സംരക്ഷണവും മഴവെള്ളവും മറ്റും കടലിൽ ഒഴുകിപ്പോവാതെ സംഭരിക്കാനുമുള്ള സംവിധാനവുമാണ് ഒമാന് അനുഗ്രഹമാവുന്നത്.