അബൂദബി: കോവിഡ് നിബന്ധനകൾക്ക് അബൂദബി ദുരന്തനിവാരണ സമിതി നൽകിയ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. യു.എ.ഇയിൽനിന്ന് അബൂദബിയിലേക്ക് വരുന്നവർക്ക് അതിർത്തിയിൽ നിർബന്ധമാക്കിയ ഗ്രീൻപാസ് സംവിധാനവും ഇ.ഡി.ഇ സ്ക്രീനിങ്ങും ഇന്നുമുതൽ ഒഴിവാക്കി. അതേസമയം, പൊതുയിടങ്ങളിലും പരിപാടികളിലും പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് വേണമെന്ന നിബന്ധന തുടരും. പരിപാടികളിലെയും വിനോദകേന്ദ്രങ്ങളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ആകെ ശേഷിയുടെ 90 ശതമാനമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതൽ അൾ ഹുസ്ൻ ആപ്പിലെ ഗ്രീൻ പാസ് സംവിധാനത്തിന് ബുസ്റ്റർ ഡോസ് നിർബന്ധമാക്കിയിരുന്നു. ബൂസ്റ്റർ ഡോസ് എടുത്തശേഷം നെഗറ്റിവ് പി.സി.ആർ പരിശോധനാ റിപ്പോർട്ടും ലഭിക്കുന്നതോടെ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കും. 14 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഇതിനുശേഷം വീണ്ടും പി.സി.ആർ പരിശോധനക്ക് വിധേയരാവണം. പുതിയ ഇളവുകൾ പ്രകാരം ഫെബ്രുവരി 26 മുതൽ എല്ലാ അന്താരാഷ്ട്ര യാത്രികർക്കും ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. വാക്സിൻ സ്വീകരിച്ച യാത്രികർക്ക് പി.സി.ആർ പരിശോധനയും ഒഴിവാക്കി.