ന്യൂഡൽഹി; ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചെത്തിക്കുന്നതിന് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയോഗം ചേർന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. യു.പിയിൽ നിന്ന് പ്രധാനമന്ത്രി മടങ്ങിയെത്തിയതിന് പിന്നാലെയാണ് യോഗം ചേർന്നത്.ഒഴിപ്പിക്കൽ സുഗമമാക്കാൻ യുക്രെയ്നിന്റെ അതിർത്തി രാജ്യങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാൻ ധാരണയായി.
അതേസമയം യുക്രൈനിൽ നിന്നുള്ള രക്ഷാപ്രവർത്തനമായ ഓപറേഷൻ ഗംഗ പുരോഗമിക്കുന്നു. റുമേനിയ, ഹംഗറി രാജ്യങ്ങൾ വഴി 907 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. മോൾഡാവ വഴിയുള്ള രക്ഷാപ്രവർത്തനത്തിനു ഇന്ത്യ ശ്രമം തുടരുകയാണ്. പോളണ്ട് അതിർത്തിയിൽ ഇന്ത്യൻ എംബസി 10 ബസുകൾ ഏർപ്പെടുത്തി. പോളണ്ട് അതിർത്തി കടന്ന 153 ഇന്ത്യക്കാരിൽ 80 പേര്‍ മലയാളികളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം കൂടി പരിഗണിച്ചാണ് മോൾഡാവ വഴിയുള്ള രക്ഷാദൗത്യ ചർച്ചകൾ ആരംഭിച്ചത്. തെക്കൻ യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാർക്ക് മോൾഡാവ വഴി നാട്ടിലെത്താം എന്ന കണക്കു കൂട്ടലിലാണ് വിദേശകാര്യ മന്ത്രാലയം. വിദേശ കാര്യമന്ത്രി ജയശങ്കർ മോൾഡാവൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. പോളണ്ട് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ കാര്യത്തിൽ അനിശ്ചിതത്വം നീങ്ങി തുടങ്ങി. 50 നഴ്സിങ് വിദ്യാർത്ഥികൾക്ക് പോളണ്ടിലേക്ക് പ്രവേശനം അനുവദിച്ചു.