കീവ്: യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യൻ സേനയ്ക്ക് 4,300 സൈനികരെ നഷ്ടപ്പെട്ടതായി യുക്രൈന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്യാർ. റഷ്യൻ സൈന്യത്തിന് ഏകദേശം 146 ടാങ്കുകളും 27 വിമാനങ്ങളും 26 ഹെലികോപ്റ്ററുകളും തകര്‍ത്തതായും യുക്രൈന്‍ മന്ത്രി അവകാശപ്പെട്ടു.
സൈനിക നീക്കത്തിൽ തങ്ങൾക്ക് ആൾനാശം ഉണ്ടായെന്ന് റഷ്യ ആദ്യമായി സമ്മതിച്ചിട്ടുണ്ട്.
അതേസമയം, റഷ്യയും യുക്രൈനും ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നു. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘമാണ് ബലാറൂസിൽ ചര്‍ച്ച നടത്തുന്നത്. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആണവ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചയെക്കുറിച്ച് യുക്രൈന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ചര്‍ച്ച തീരുന്നത് വരെ ബെലാറൂസ് പരിധിയില്‍ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറൂസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.