ബസ്തി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രൈനില്‍ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് രാജ്യത്തേക്ക് തിരിച്ചെത്തിയതെന്ന് മോദി പറഞ്ഞു. ബസ്തിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രൈനില്‍ ബാക്കിയുള്ള കുട്ടികളെ തിരിച്ചെത്തിക്കും. രാവും പകലുമില്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍ അതിന് വേണ്ടി പ്രയത്‌നിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനെതിരെയും സമാജ്‌വാദി പാര്‍ട്ടിക്കെതിരേയും മോദി വിമര്‍ശനം ഉന്നയിച്ചു.
സ്വന്തം നിധിപ്പെട്ടിയില്‍ പണം എത്തിക്കുന്നത് മാത്രമാണ് ചില ‘കുടുംബ പാര്‍ട്ടികളുടെ’ ഫോര്‍മുല. ഇവര്‍ ഒരിക്കലും രാജ്യം ശക്തിപ്പെടാന്‍ അനുവദിക്കില്ല. അവര്‍ അടിച്ചമര്‍ത്തലുകാരേയും ഗുണ്ടകളേയും മാഫിയകളേയും ശക്തരാക്കുന്നുവെന്ന് കോണ്‍ഗ്രസിനെ ഉന്നംവെച്ച് അദ്ദേഹം പറഞ്ഞു. ഭീകരവാദികളോട് സഹതാപം കാണിക്കുന്നവര്‍ ഒരിക്കലും രാജ്യത്തെ ശക്തിപ്പെടുത്തില്ലെന്നും എസ്.പിയെ ചൂണ്ടി മോദി പറഞ്ഞു.
സര്‍ക്കാര്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു. എന്നാല്‍ പ്രതിപക്ഷം ഒരിക്കലും അതില്‍ ശ്രദ്ധിച്ചില്ല. അവര്‍ക്ക് എല്ലാ ഇടപാടുകളില്‍ നിന്നും കമ്മീഷന്‍ മാത്രമാണ് ആവശ്യം. അവര്‍ക്ക് ഒരിക്കലും സ്വയം പര്യാപ്ത ഇന്ത്യ വേണ്ടിയിരുന്നില്ല. രാഷ്ട്രഭക്തിയും കുടുംബഭക്തിയും തമ്മിലുള്ള വ്യത്യാസം അതാണെന്നും മോദി പറഞ്ഞു. ഭീകരവാദികളോട് സഹതാപം കാണിക്കുന്നവര്‍ ഒരിക്കലും രാജ്യത്തെ ശക്തിപ്പെടുത്തില്ലെന്നും എസ്.പിയെ ചൂണ്ടി മോദി പറഞ്ഞു.