പ്യോംഗ്യാംഗ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ പ്രതികരണവുമായി ഉത്തര കൊറിയ. യുക്രെയ്നിൽ റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം അമേരിക്കയാണെന്ന് ഉത്തര കൊറിയ ആരോപിച്ചു.
യുക്രൈനിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം യുഎസിന്റെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളുമാണെന്ന് ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.
അമേരിക്കയ്ക്ക് രണ്ട് നിലപാടാണ് ഉള്ളത്. സമാധാനത്തിന്റെയും സ്ഥിരതയുടെയും പേരിൽ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ അവർ ഇടപെടുന്നു. എന്നാൽ സ്വന്തം ദേശീയ സുരക്ഷ ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന സ്വയം പ്രതിരോധ നടപടികളെ ഒരു കാരണവുമില്ലാതെ അപലപിക്കുന്നുവെന്നും ഉത്തരകൊറിയ വിമർശിച്ചു.
ഉത്തര കൊറിയയുടെയും റഷ്യയുടെയും പ്രധാന സഖ്യരാജ്യമായ ചൈനയും യുഎസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണു സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും അമേരിക്കയും കാനഡയുമടക്കമുള്ള ലോക രാജ്യങ്ങള്‍ റഷ്യ്ക്കും പുട്ടിനുമെതിരെ ഉപരോധങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.