തിരുവനന്തപുരം: യുക്രെയ്‌നില്‍ നിന്നും വരുന്നവര്‍ക്ക് ഗ്രീന്‍ ചാനല്‍ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ടീമിനെ സജ്ജമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ വഴിയും പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതാണെന്നും മന്ത്രി ഉറപ്പു നൽകി.
സംസ്ഥാനത്തെ നാല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകളിലും ഇവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. ഇതിനായി എയര്‍പോര്‍ട്ടുകളില്‍ ഹെല്‍ത്ത് ഡെസ്‌കുകള്‍ സ്ഥാപിച്ചു വരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.