കട്ടപ്പന :ഇടുക്കി ജലാശയത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനികളിൽ ഒരാൾ മുങ്ങിമരിച്ചു. കാക്കനാട് പനച്ചിക്കൽ ഷാജഹാന്റെ മകൾ ഇഷ ഫാത്തിമ (17)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആറ് പെൺകുട്ടികളെ പ്രദേശവാസി രക്ഷപ്പെടുത്തി.ശനിയാഴ്ച്ച രാവിലെയാണ് കാക്കനാട് നവനിർമ്മാൺ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അഞ്ച് പെൺകുട്ടികളും ഇവരിൽ ഒരാളുടെ പിതാവും, സഹോദരങ്ങളായ മറ്റ് മൂന്ന് പേരും ഇടുക്കിയിൽ എത്തിയത്.പെൺകുട്ടികളിൽ ഒരാളുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു ലക്ഷ്യം. കൗന്തിയിലെ ഹോം സ്‌റ്റേയിൽ മുറിയെടുത്ത ശേഷം ഇടുക്കി ജലാശയം കാണാനാണ് വനത്തിലൂടെ പന്ത്രണ്ടാം ബ്ലോക്ക് താമരപ്പാറ ഭാഗത്ത് ഇവർ എത്തിയത്.
പ്രദേശവാസിയായ അഭിലാഷിന്റെ സഹായത്തോടെയാണ് ജലാശയത്തിൽ എത്തിച്ചേർന്നത്.തുടർന്ന് പെൺകുട്ടികൾ എല്ലാവരും കുളിക്കുന്നതിനായി ജലാശയത്തിൽ ഇറങ്ങുകയായിരുന്നു.ഒരു മണിക്കൂറോളം നേരം വെള്ളത്തിൽ ചിലവഴിച്ച ശേഷം കരയിലേക്ക് തിരികെ കയറുന്നതിന് മുൻപ് ഫോട്ടോയെടുക്കാൻ ശ്രമിക്കവെ എല്ലാവരും നിലതെറ്റി വെള്ളത്തിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.