ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുമ്പോഴും ശ്രേയസ് അയ്യര്‍ക്ക് ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാനാവില്ലെന്ന് സീനിയര്‍ വിക്കറ്റ് കീപ്പറും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക് . പക്ഷെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ അയ്യര്‍ക്ക് കഴിഞ്ഞ രണ്ട് ഇന്നിംഗ്‌സുകളിലെ പ്രകടനം മതിയാകുമെന്നും കാര്‍ത്തിക് പറഞ്ഞു.
‘ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാനായേക്കില്ല എന്ന കാര്യം ശ്രേയസ് അയ്യര്‍ക്ക് ഉള്ളിന്‍റെയുള്ളില്‍ അറിയാമായിരിക്കണം. പക്ഷെ ലോകകപ്പിനുള്ള സംഘത്തില്‍ ടിക്കറ്റ് ഉറപ്പിക്കുകയാണ് ആദ്യ കടമ്പ. ലങ്കയ്‌ക്കെതിരായ പ്രകടനങ്ങള്‍ കൊണ്ട് അയ്യര്‍ ലോകകപ്പ് സ്‌ക്വാഡിലുണ്ടാകുമെന്നോ അതിനായുള്ള മത്സരത്തിലുണ്ടാകുമെന്നോ ഉറപ്പാണ്. കുറച്ചുകാലങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കുന്ന നാലഞ്ച് താരങ്ങള്‍ ഉറപ്പായും ലോകകപ്പ് ടീമിലുണ്ടാകും. വിരാട് കോഹ്ലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍ എന്നീ താരങ്ങളെ ഞാന്‍ തെരഞ്ഞെടുക്കും.