ന്യൂയോർക്ക്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ വോഡ്ക അമേരിക്കയിലെയും കാനഡയിലെയും മദ്യശാലകളിൽ നിന്ന് പിൻവലിച്ചു. റഷ്യൻ വോഡ്കയും മറ്റ് റഷ്യൻ നിർമിത ലഹരിപാനീയങ്ങളും മദ്യശാലകളിൽ നിന്നും എടുത്തുമാറ്റി. വോഡ്ക ഒഴുക്കിക്കളയുന്ന ദൃശ്യങ്ങളും ചിലർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. റഷ്യക്ക് തങ്ങളുടെ പിന്തുണയില്ലെന്ന് കടകൾക്ക് മുമ്പിൽ ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്.
യു.എസിലെ മിഷിഗണിലെയും കാൻസാസിലെയും കടകളിലാണ് റഷ്യൻ മദ്യങ്ങൾക്ക് വിലക്ക്. തങ്ങളുടെ കീഴിലുള്ള സ്റ്റോറുകളിൽ നിന്ന് റഷ്യൻ മദ്യങ്ങളടക്കമുള്ളവ പിൻവലിക്കുകയാണെന്ന് കാൻസാസിലെ പ്രമുഖ മദ്യവിതരണക്കാരായ ജേക്കബ് ലിക്വർ എക്സ്ചേഞ്ച് വ്യക്തമാക്കി. ജേക്കബ് ലിക്വർ എക്സ്ചേഞ്ച് സ്റ്റോറുകളിൽ നിന്ന് റഷ്യൻ വോഡ്ക പിൻവലിച്ചു. റഷ്യയുമായി ബന്ധമുള്ള എല്ലാ മദ്യ ഉൽപന്നങ്ങൾക്കും വിലക്കേർപ്പെടുത്തി.
റഷ്യൻ വോഡ്കക്ക് പകരക്കാരനായി യുക്രെയ്ൻ വോഡ്ക കടകളിൽ സ്ഥാനം പിടിക്കും. റഷ്യൻ വോഡ്ക ലഭ്യമാകില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകി.
കാനഡയിലെ മാനിറ്റോബ, ന്യൂഫൗണ്ട്ലാൻഡ്, ന്യൂബ്രുൺസ്‍വിക്, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളിൽ മദ്യശാലകൾ റഷ്യൻ നിർമിത മദ്യം നീക്കുന്നതായി അറിയിച്ചു. രാജ്യത്ത് സർക്കാർ നിയന്ത്രണത്തിലുള്ള റീട്ടെയിൽ മദ്യവിൽപന ശാലകളാണ് വോഡ്ക അടക്കമുള്ള റഷ്യൻ ഉൽപന്നങ്ങൾ വിൽക്കുന്നത് നിർത്തിവെച്ചത്.