മഡ്ഗാവ്: ഐഎസ്എല്ലില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലില്‍ തിരിച്ചെത്തി.
നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. രണ്ടാം പകുതിയിൽ രണ്ടുഗോളടിച്ച് സ്‌ട്രൈക്കർ പെരേര ഡയസും ഒരു ഗോൾ നേടി ക്യാപ്റ്റൻ അഡ്രിയാൻ ലൂനയും ബ്ലാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ചു.
ആദ്യപകുതിയിൽ ചില ഗോളവസരങ്ങൾ ഉണ്ടയെങ്കിലും ഇരുടീമുകൾക്കും ലക്ഷ്യം നേടാനായില്ല. മത്സരത്തിന്റെ 38-ാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ അല്‍വാരോ വാസ്‌ക്വസ് നല്‍കിയ ക്രോസ് പക്ഷേ ജോര്‍ജ് ഡിയാസിന് വലയിലെത്തിക്കാനായില്ല.
എന്നാല്‍ ഈ പിഴവിന് 52-ാം മിനിറ്റില്‍ ഡിയാസ് പ്രായശ്ചിത്തം ചെയ്തു. ഖബ്ര നല്‍കിയ ലോങ് ബോള്‍ സ്വീകരിച്ച് അഡ്രിയാന്‍ ലൂണ നല്‍കിയ മികച്ചൊരു പാസ് ഡിയാസ് വലയിലെത്തിച്ചു.
മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഡിയാസ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോളും നേടി. കളിതീരാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പട്ടിക തികച്ചു.
ജയത്തോടെ 18 കളികളില്‍ നിന്ന് 30 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ അടുത്ത രണ്ടു കളികളും ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമാണ്.