ന്യൂഡല്‍ഹി: യുഎന്നില്‍ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. യുഎന്നില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടെടുത്തതിനെ അഭിനന്ദിക്കുന്നതായി റഷ്യ അറിയിച്ചു. ഇന്ത്യയിലെ റഷ്യന്‍ എംബസിയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം പറഞ്ഞത്.
വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു എങ്കിലും യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയായിരുന്നു. നയതന്ത്രതല ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കാണണമെന്നു തന്നെയാണ് യുക്രെയ്ൻ-റഷ്യ വിഷയത്തിൽ ഇന്ത്യ തുടക്കം മുതൽ സ്വീകരിച്ചിരുന്ന നിലപാട്.
യുക്രൈന് അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. 15 അംഗ രക്ഷാസമിതിയില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
യുക്രൈന്-റഷ്യ പ്രശ്നത്തിന് നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇന്ത്യന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി യുഎന്നില്‍ ആവശ്യപ്പെട്ടിരുന്നു. പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നത് സമാധാന നീക്കങ്ങള്‍ക്ക് ഇടം കൊടുക്കാനാണെന്നായിരുന്നു ഇന്ത്യയുടെ വിശദീകരണം.
അതേസമയം യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയുടെ രാഷ്ട്രീയ പിന്തുണ വേണമെന്നും സെലന്‍സ്കി ആവശ്യപ്പെട്ടു. ഒന്നിച്ചുനിന്ന് യുദ്ധം അവസാനിപ്പിക്കണമെന്നും മോദിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ സെലന്‍സ്കി ട്വീറ്റ് ചെയ്തു.