കീവ്: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി. യുക്രെയ്‌നിലെ നിലവിലെ സ്ഥിതി സെലൻസ്‌കി നരേന്ദ്ര മോദിയോട് വിശദീകരിച്ചു. യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ രാഷ്‌ട്രീയ പിന്തുണ വേണമെന്ന് സെലൻസ്‌കി മോദിയോട് അഭ്യർത്ഥിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യുക്രെയ്‌നിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. റഷ്യയുടെ അധിനിവേശത്തെ കുറിച്ചും ആക്രമണം ചെറുക്കാൻ യുക്രെയ്ൻ നടത്തുന്ന പ്രതിരോധത്തെ കുറിച്ചും സംസാരിച്ചു. ലക്ഷക്കണക്കിന് റഷ്യൻ അധിനിവേശക്കാരാണ് യുക്രെയ്‌നിലുള്ളത്. രാജ്യത്തെ ഒന്നാകെ ഇവർ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ജനവാസ മേഖലകളിലും റഷ്യയുടെ ആക്രമണം തുടരുകയാണ്. ഐക്യരാഷ്‌ട്ര സഭയിലും ഇന്ത്യയുടെ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടു.” -സെലൻസ്‌കി ട്വിറ്ററിൽ കുറിച്ചു.
അക്രമം ഉടൻ അവസാനിപ്പിച്ച് ചർച്ച തുടങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി യുക്രൈൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനോട് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. യുക്രെയ്ൻ പ്രതിസന്ധിയിൽ രാജ്യതാൽപ്പര്യം സംരക്ഷിക്കുന്ന നിലപാടാണ് ഇന്ത്യയുടേയത്. യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനോട് ആവശ്യപ്പെട്ടു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പുടിനോട് നേരിട്ട് പറഞ്ഞത് ഇന്ത്യ മാത്രമായിരുന്നു.
യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. യുഎസും അൽബേനിയയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. 15 അംഗ സുരക്ഷാ കൗൺസിലിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. പ്രമേയം സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പാസാക്കാനായിരുന്നില്ല.
അതേസമയം, യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം ഇന്ത്യയിലേക്ക് തിരിച്ചു. 219 പേരുടെ ആദ്യ സംഘം രാത്രി മുംബൈയിലെത്തും. അടുത്ത സംഘം നാളെ പുലര്‍ച്ചയോടെ ദില്ലിയിലെത്തും.