കാസർകോട്: കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്തുചാടി അമ്മൂമ്മ. രാജപുരം കള്ളാർ ആടകത്ത് വെള്ളിയാഴ്ച രണ്ടു മണിയോടെയാണ് സംഭവം. പന്തല്ലൂർ വീട്ടിൽ ജിസ്മിയുടെ മകൾ മൂന്നുവയസുകാരി റെയ്ച്ചലാണ് 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്.
അയൽപക്കത്തെ വീട്ടിലേക്ക് പോകുമ്പോൾ കുട്ടിയേയും കൂട്ടി പോയതായിരുന്നു അമ്മൂമ്മ ലാലീമ്മ. ഇവർ സംസാരിക്കുന്നതിനിടെ കുട്ടി കിണറ്റിനടുത്തെത്തി എത്തിനോക്കി. കാൽവഴുതി കിണറ്റിൽ വീണു. ഇത് കണ്ട ലീലാമ്മ ഉടൻ പിന്നാലെ ചാടി. എട്ടടിയോളം വെള്ളമുണ്ടായിരുന്നു കിണറ്റിൽ. കുട്ടിയെ എടുത്ത് മോട്ടറിന്റെ പൈപ്പിൽ പിടിച്ച് നിൽക്കുകയുമായിരുന്നു ലീലാമ്മ.
വെള്ളമുണ്ടായിരുന്നതിനാൽ ഇരുവർക്കും പരിക്കേറ്റില്ല. അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അമ്മൂമ്മയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.