കീവ്: യുദ്ധം നിലനില്‍ക്കുന്ന യുക്രൈനില്‍നിന്ന് നാട്ടിലേക്ക് മടങ്ങാനായി പോളണ്ട് അതിര്‍ത്തിയിൽ എത്തിയ മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങി. എംബസി നിര്‍ദേശം അനുസരിച്ചാണ് തങ്ങള്‍ പോളണ്ട് അതിര്‍ത്തിയിലെത്തിയതെന്നും എന്നാല്‍ ഇവിടെ ഉദ്യോഗസ്ഥർ ആരും ഇല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. 277 മലയാളി വിദ്യാര്‍ഥികളാണ് പോളണ്ട് അതിര്‍ത്തിയിലുള്ളത്. പോളണ്ട് അതിര്‍ത്തിവരെ എത്തിയാല്‍ എല്ലാ സഹായവുമുണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഈ അറിയിപ്പിനെ തുടര്‍ന്നാണ് ഇവിടെ എത്തിയതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു.
പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ചാണ് പെണ്‍കുട്ടികളുള്‍പ്പെടെയുള്ള സംഘം ഇവിടേക്ക് എത്തിയത്. മൈനസ് ആറ് ഡിഗ്രിയാണ് പ്രദേശത്തെ ഇപ്പോഴത്തെ താപനില. കൊടുംതണുപ്പില്‍ 20 കിലോമീറ്ററോളം നടക്കേണ്ടിയുംവന്നു. ഇമിഗ്രേഷന്‍ വിഭാഗത്തിലെ സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്. തങ്ങളുടെ കൈവശം രണ്ട് ദിവസത്തേക്കുള്ള ലഘുഭക്ഷണം മാത്രമാണ് ഉള്ളതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു.