യുക്രൈൻ റഷ്യ പ്രതിഷേധങ്ങൾ ആരംഭിച്ചതുമുതൽ കേൾക്കുന്ന പേരാണ് വ്ളാഡിമർ സെലൻസ്കി. യുക്രൈൻ പ്രസിഡന്റാണ് വ്ളാഡിമർ സെലൻസ്കി എന്ന് എല്ലാവർക്കുമറിയാം. എങ്കിലും സെലൻസ്കിയെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. യുക്രൈൻ റഷ്യ പ്രശ്നങ്ങൾ മുറുകിയപ്പോളാണ് സെലൻസ്കിയെ കുറിച്ചും ആളുകൾ സംസാരിച്ചു തുടങ്ങിയത്. യുക്രൈൻ റഷ്യ യുദ്ധത്തിൽ സൈനിക വേഷത്തിൽ മുന്നിൽത്തന്നെയുണ്ട് ഈ ഭരണാധികാരി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യുന്നുണ്ട്. 2019ൽ ഏപ്രിലിൽ യുക്രൈൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെലൻസ്കിക്ക് രാഷ്ട്രീയത്തിൽ വലിയ മുൻപരിചയമൊന്നുമില്ല.
എന്നാൽ ഹാസ്യ താരത്തിൽ നിന്ന് സെലൻസ്കിയുടെ രാഷ്ട്രീയ ജീവിതത്തിന് വഴി തെളിച്ചത് സെർവന്റ് ഓഫ് ദ പീപ്പീൾ എന്ന ഈ ഷോ ആണ്. 2015 ലാണ് ‘സെർവന്റ് ഓഫ് ദ പീപ്പിൾ’ എന്ന ടിവി ഷോയിൽ സെലൻസ്കി വേഷമിടുന്നത്. 2015 മുതൽ 2019 വരെ സംപ്രേഷണം ചെയ്തിരുന്ന ഈ പരിപാടി ഒരു പൊളിറ്റിക്കൽ സറ്റയറായിരുന്നു. അഴിമതി നിറഞ്ഞ യുക്രൈന്റേയും ജനാധിപത്യം ആഗ്രഹിക്കുന്ന ജനങ്ങളുടേയും കഥ പറഞ്ഞ ഷോ രാജ്യത്ത് വൻ ഹിറ്റായി, കൂടെ സെലൻസ്കിയും. അങ്ങനെ 2018 ൽ സെലൻസ്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഹൈസ്കൂൾ ടീച്ചറായ വസീൽ പെട്രോവിച്ച് രാഷ്ട്രീയത്തെക്കുറിച്ചും അതിലെ അഴിമതിയെക്കുറിച്ചുമൊക്കെ കുട്ടികളോട് വായിട്ട് അടിക്കുന്ന ഒരു വീഡിയോ അബദ്ധത്തിൽ വൈറലായി. തന്റെ ക്ലാസിലെ തന്നെ ഒരു കുട്ടി മൊബൈൽ ഫോണിൽ പകർത്തിയാണ് വീഡിയോ ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെ ആ ഹൈ സ്കൂൾ ടീച്ചർക്ക് ആരാധകർ ഉണ്ടായി. അയാൾ പിന്നീട് യുക്രൈൻ പ്രസിഡന്റാകുകയാണ്. സെർവന്റ് ഓഫ് ദ പീപ്പിൽ എന്ന സറ്റയർ ടിവി സീരിലെ ഒരു പ്രധാന ഇതിവൃത്തമാണിത്. ഹൈസ്കൂൾ ടീച്ചറിന്റെ വേഷം അവതരിപ്പിച്ചത് ഇപ്പോഴത്തെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയാണ്.
2003 മുതൽ തന്നെ യുക്രൈൻ ടെലിവിഷൻ രംഗത്തെ പരിചിതമായ മുഖമാണ് സെലൻസ്കിയുടേത്. സ്റ്റുഡിയോ Kvartal 95ന്റെ സ്ഥാപക അംഗം കൂടിയാണ് യുദ്ധമുഖത്ത് യുക്രൈനെ നയിക്കുന്ന പ്രസിഡന്റ് സെലൻസ്കി. 2019 ഏപ്രിൽ ഏവരെയും അത്ഭുതപ്പെടുത്തിയാണ് സെലൻസ്കി യുക്രൈൻ പ്രസിഡന്റ് പദവിയിലെത്തുന്നത്. 41ാം വയസിൽ 73 ശതമാനം വോട്ട് നേടിയായിരുന്നു അദ്ദേഹത്തിന്റെ അട്ടിമറി വിജയം. കൊമേഡിയനായാണ് അറിയപ്പെട്ടതെങ്കിലും നിയമ ബിരുദദാരിയാണ് സെലൻസ്കി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സെലൻസ്കി ഉപയോഗിച്ചതും വ്യത്യസ്തമായ മാർഗങ്ങൾ തന്നെ. നേരിട്ടുള്ള റാലികളും, രാഷ്ട്രീയ പ്രസംഗങ്ങളും പരമാവധി ചുരുക്കി സോഷ്യൽ മീഡിയയിലൂടെയായിരുന്നു സെലൻസ്കിയുടെ പ്രചരണങ്ങൾ. ഇതിൽ തന്നെ വലിയ രാഷ്ട്രീയം പറയുന്നവയൊന്നുമുണ്ടിയിരുന്നില്ല. കൂടുതലും ലാഘവം നിറഞ്ഞ ചിരിപ്പിക്കുന്ന വീഡിയോയിലൂടെ സെലൻസ്കി യുക്രൈൻ ജനതയുമായി കൂടുതൽ അടുത്തു.
യുക്രൈനിലെ അതി സമ്പന്നനായ ഇഹോർ കൊളോംസ്കിയുമായുള്ള ബന്ധം സെലൻസ്കിക്ക് എതിരെ തെരഞ്ഞെടുപ്പുകളിൽ വലിയ പ്രചരണ ആയുധമായിരുന്നു. എന്നിട്ടും ഉക്രൈൻ പ്രസിഡന്റ് പെട്രോ പൊറോഷോൻകോയെ തോൽപ്പിച്ചാണ് സെലൻസ്കി യുക്രൈന്റെ അമരക്കാരനാകുന്നത്. തനിക്ക് വലിയ രാഷ്ട്രീയ കാഴ്ചപ്പാടുകളൊന്നുമില്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അദ്ദേഹം തുറന്ന് സമ്മതിച്ചിരുന്നു. ‘വലിയ വാഗ്ദാനങ്ങളില്ല വലിയ നിരാശയുമില്ല’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് വാചകം.
സോവിയറ്റ് യൂണിയൻ കാലത്തെ വ്യാവസായിക നഗരമായിരുന്ന ക്രിവി റി-ൽ 1978 ജനുവരിയിലാണ് വ്ളാദിമിർ സെലൻസ്കി പിറന്നത്. ജൂത കുടുംബമായിരുന്നു സെലൻസ്കിയുടേത്. 1995 ൽ ക്രിവി എക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന സെലൻസ്കി 2000 ൽ നിയമത്തിൽ ബിരുദം തേടി. പാഠ്യവിഷയത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ തൊഴിൽ മേഖലയാണ് സെലൻസ്കി തെരഞ്ഞെടുത്തത്. പഠന കാലത്ത് തന്നെ 1997 ൽ ക്വർതാൽ 95 എന്ന പേരിൽ സെലൻസ്കി കോമഡി ട്രൂപ്പ് തുടങ്ങിയിരുന്നു. 2003 ഓടെ ട്രൂപ്പ് ടെലിവിഷൻ പരിപാടികളും നിർമിച്ച് തുടങ്ങി. സെലൻസ്കി അങ്ങനെ അറിയപ്പെടുന്ന ടെലിവിഷൻ താരമായി വളർന്നു. 2003 ലാണ് സെലൻസ്കി ഒലേനയെ വിവാഹം കഴിക്കുന്നത്. ഇരുവരും ക്രിവി സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്നു. ആർക്കിടെക്ടായിരുന്ന ഒലേന എന്നാൽ തിരക്കഥാകൃത്തായി.
വളരെ സമാധാനപരമായി പോയികൊണ്ടിരിക്കുന്ന യുക്രൈൻ വളരെ പെറ്റാനാണ് ഒരു യുദ്ധഭൂമിയായി മാറിയത്. എങ്കിലും എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്ന് സെലൻസ്കി വ്യക്തമാക്കി കഴിഞ്ഞു. യുക്രൈൻ നേരിടുന്ന യുദ്ധത്തിൽ വൻ ശക്തികൾ കാഴ്ചക്കാരായി നിൽക്കുന്നതിലെ അതൃപ്തിയും യുക്രൈൻ പ്രസിഡന്റ് പരസ്യമാക്കി കഴിഞ്ഞു. ഇത്രയും ക്രൂരമായ ആക്രമങ്ങൾ ഉണ്ടായിട്ടും ജീവൻ കൊടുത്തും തന്റെ രാജ്യത്തെ രക്ഷിക്കാൻ സൈന്യത്തോടൊപ്പം മുന്നിൽ നിൽക്കുകയാണ് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി.