ദുബായ് : കേരള സ്റ്റാർട്ടപ് മിഷൻ, മലയാളി ബിസിനസ് ഡോട്‌കോം എന്നിവയുടെ സഹകരണത്തോടെ ഇൻറർനാഷനൽ പ്രമോട്ടേഴ്‌സ് അസോസിയേഷൻ (ഐ.പി.എ) ഒരുക്കുന്ന ‘ഇഗ്‌നൈറ്റ് 2022’ ടെക് ഇൻവെസ്റ്റ്‌മെൻറ് മീറ്റ് ഞായറാഴ്ച ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ ഇൻറർകോൺടിനെൻറൽ ഹോട്ടലിൽ ഒരുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സാങ്കേതിക മേഖലയിൽ നിക്ഷേപാവസരങ്ങൾ തേടുന്നവരുടെ താൽപര്യങ്ങൾ മുൻനിർത്തിയുള്ള മെഗാ ടെക് ഇവൻറായിരിക്കുമിത്. ഇതോടനുബന്ധിച്ച് ബിസിനസ് എക്‌സിബിഷൻ ഞായറാഴ്ച രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെയും സ്റ്റാർട്ടപ് നിക്ഷേപത്തിലെ മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട ഇൻററാക്ടീവ് ഫോറം വൈകുന്നേരം ആറ് മുതൽ എട്ട് വരെയും സാങ്കേതിക വിദ്യയിലൂടെ ബിസിനസിനെ എങ്ങനെ ഉയരങ്ങളിലെത്തിക്കാമെന്ന വിഷയം ആസ്പദമാക്കിയുള്ള വിദഗ്‌ധോപദേശ സെഷൻ രാത്രി എട്ട് മുതൽ 10 വരെയും നടക്കും. എക്‌സിബിഷനിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഇരുപതോളം കമ്പനികൾ പങ്കെടുക്കും. കോൺഫറൻസിൽ കേരള സ്റ്റാർട്ടപ് മിഷൻ ഡയറക്ടർ പി.എം. റിയാസ്, കോഓർഡിനേറ്റർ നസീഫ് എന്നിവർ പങ്കെടുക്കും.
മലബാർ എയ്ഞ്ചൽ നെറ്റ്‌വർക് ചെയർമാൻ ശൈലൻ സുഗുണൻ, ഫ്രഷ് ടു ഹോം സഹസ്ഥാപകൻ മാത്യു ജോസഫ് എന്നിവർ പങ്കെടുക്കുന്ന പാനൽ ഡിസ്‌കഷനും കേരളത്തിലെ നാല് പുതിയ സ്റ്റാർട്ടപ്പുകളുടെ ഇൻവെസ്റ്റർ പിച്ചുമുണ്ടാകും.