കീവ്: യുക്രൈനില്‍ അധിനിവേശം തുടരുന്ന റഷ്യയ്ക്ക് നാറ്റോയുടെ കടുത്ത മുന്നറിയിപ്പ്. യുക്രൈന് കൂടുതല്‍ പ്രതിരോധ സഹായം ലഭ്യമാക്കുമെന്ന് നാറ്റോ തലവന്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് അറിയിച്ചു. കിഴക്കന്‍ യൂറോപ്പില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും തയ്യാറായതായും അദ്ദേഹം പറഞ്ഞു.
വ്യോമാക്രമണ പ്രതിരോധ സംവിധാനവും ആയുധങ്ങളും നല്‍കും. യൂറോ–അറ്റ്ലാന്റിക് മേഖല നേരിടുന്നത് വന്‍ സുരക്ഷാ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ രാജ്യത്തിൻ്റെ അധികാരം പിടിക്കാന്‍ യുക്രൈയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന്‍. പൊതുജനങ്ങള്‍ക്ക് ആയുധം നല്‍കി സൈന്യത്തെ ദുര്‍ബലമാക്കുന്ന സര്‍ക്കാരിനെ പുറത്താക്കണം.
സൈന്യം അധികാരമേറ്റാല്‍ സമാധാന ചര്‍ച്ചകള്‍ സുഗമമാകുമെന്നും പുട്ടിന്‍ പറഞ്ഞു. അതേസമയം യുക്രൈയ്നുമായുള്ള സമാധന ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങുമായുള്ള സംഭാഷണത്തില്‍ പുട്ടിന്‍ വെളിപ്പെടുത്തി. റഷ്യയുടെ യുക്രൈയ്ന്‍ അധിനിവേശം അംഗീകരിക്കുന്നതായി ചൈന വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്ക് ഉറച്ച പിന്തുണനല്കും. ഭാവിനീക്കങ്ങളില്‍ ഒന്നിച്ച് തീരുമാനമെടുക്കുമെന്നും പുട്ടിനുമായുള്ള ടെലഫോണ്‍ ചര്‍ച്ചയില്‍ ഷി ജിങ് പിങ്ങ് പറഞ്ഞു.