ബെൽജിയം: യുക്രൈനിലെ (Ukraine) സൈനിക നടപടിയിൽ റഷ്യക്ക് (Russia) മുന്നറിയിപ്പുമായി നാറ്റോ (NATO). റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു. അനിവാര്യമായി വന്നാൽ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകി.
റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണം. യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവൻ സമാധാനം പറയണം. അടിയന്തര ഘട്ടത്തിൽ നാറ്റോ ഇടപെടും. കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും. വരും നാളുകളിൽ റഷ്യ വലിയ വില നൽകേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുക്രൈൻ തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാൻ അവസാന പോരാട്ടം നടക്കുന്നതിനിടെ നിർണായക നീക്കമാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. യുക്രൈനിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം നൽകിയത്.
സെലൻസ്‌കി സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ യുക്രൈൻ സൈന്യത്തോട് ഞാൻ ആവശ്യപ്പെടുകയാണ്. യുക്രൈനിലെ സായുധ സേനയിലെ സൈനികരോട് ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിർന്നവരെയും മനുഷ്യകവചമായി ഉപയോഗിക്കാൻ യുക്രൈനിലെ നവനാസികളേയും തീവ്രദേശീയവാദികളേയും അനുവദിക്കരുത് – പുടിൻ ആഹ്വാനം ചെയ്തു.