ചെങ്ങന്നൂര്‍: ആദി പമ്പ, വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആശങ്കകളും ദുരൂഹതകളും നിറഞ്ഞതാണെന്ന് എം.പി.കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മണല്‍ അശാസ്ത്രീയമായി നീക്കം ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളില്‍ പ്രാദേശികവാസികളടക്കമുള്ളവര്‍ക്ക് വലിയ ആശങ്കയുണ്ട്. യഥാര്‍ത്ഥ ഉടമസ്ഥരായ ചെങ്ങന്നൂര്‍ നഗരസഭയെ ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് മണല്‍ ലേലം ചെയ്യുന്ന നടപടിക്രമങ്ങള്‍ ദുരൂഹതകള്‍ നിറഞ്ഞതാണ്. നീക്കം ചെയ്യുന്ന മണലിന്റെ കണക്കുകളും കൊണ്ടുപോകുന്ന വാഹനങ്ങള്‍ മണല്‍ എവിടെ എത്തിക്കുന്നു എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഉണ്ടെന്ന് വ്യക്തമാണ്. ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി ഭരണ കക്ഷിയില്‍പ്പെട്ടവര്‍ വിഷയത്തില്‍ കൈകടത്തുന്നതായും ആരോപണമുണ്ട്. ഇത് ഗുരുതരമായ അഴിമതിക്ക് ഇടവരുത്തും. മണല്‍ ലേലം ചെയ്യന്നതുമായി ബന്ധപ്പെട്ട കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണം. പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ ശാസ്ത്രീയമായും സമീപവാസികളുടെ അഭിപ്രായം മാനിച്ചും വേണം മണല്‍ നീക്കം ചെയ്യേണ്ടത്. ഇതിനായി വിവിധ ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ടീയ കക്ഷി പ്രതിനിധികള്‍, തദ്ദേശവാസികള്‍ എന്നിവരടങ്ങുന്ന സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് വരുമാനം ലഭിക്കത്തക്കവിധം മണല്‍ ലേലം ചെയ്യാനുള്ള അവകാശം നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥലം കൊടിക്കുന്നില്‍ സുരേഷ് എം.പി. സന്ദര്‍ശിച്ച് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സമീപവാസികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുജാ ജോണ്‍, മണ്ഡലം പ്രസിഡന്റുമാരായ ശശി എസ് പിള്ള, ആര്‍ ബിജു, മുന്‍ മണ്ഡലം പ്രസിഡന്റ് വി.എന്‍.രാധാകൃഷ്ണപണിക്കര്‍, കൗണ്‍സിലര്‍മാരായ മനീഷ് കീഴാമഠത്തില്‍, മിനി സജന്‍, അര്‍ച്ചന കെ ഗോപി, കെ.ഷിബുരാജന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുബിന്‍ പുത്തന്‍കാവ്, കെ.ആര്‍.മുരളീധരന്‍ നായര്‍, ബി.റ്റി.വര്‍ഗീസ്, ഗീത തട്ടായത്തില്‍, ആദര്‍ശ് കെ വര്‍ഗീസ്, മനുരാഗ്, വി.കെ.രാധാകൃഷ്ണന്‍, നാരായണപിള്ള, വാസുദേവന്‍നായര്‍, ജേക്കബ് കോശി, ബിന്ദു ശശികുമാര്‍, കെ.ജി.രാധാകൃഷ്ണന്‍ നായര്‍, കെ.ജി.ശ്രീകുമാര്‍ എന്നിവരും എംപിയോടൊപ്പം ഉണ്ടായിരുന്നു.