ഡൽഹിയിലെ റഷ്യൻ എംബസിക്ക് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. റഷ്യ- യുക്രൈൻ യുദ്ധത്തിനിടെ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്താണ് റഷ്യൻ എംബസിക്ക് മുന്നിൽ സുരക്ഷ വർധിപ്പിച്ചത്.
യുക്രെനിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംഘം റൊമേനിയൻ അതിർത്തിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ആദ്യ വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടവരാണ് റൊമേനിയയിലേക്ക് യാത്ര ആരംഭിച്ചത്. ഇതിൽ 240 പേർ വിദ്യാർത്ഥികളാണ്. ചെർനിവ്‌സികിലെ ബുക്കോവിനിയൻ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണിവർ.
യുക്രൈൻ അതിർത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളിൽ എത്തണമെന്ന് വിദ്യാർത്ഥികൾക്ക് അധികൃതർ നൽകിയ നിർദേശം. ഇന്ത്യൻ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെർവിവ്‌സികിലും എത്തിയിട്ടുണ്ട്. വിദ്യാർത്ഥികളോട് ഇന്ത്യൻ പതാക വാഹനങ്ങളിൽ പതിക്കാനും പാസ്‌പോർട്ടും, പണവും കയ്യിൽ കരുതാനും നിർദേശത്തിൽ പറയുന്നു.