ആലപ്പുഴ: വിവാദ ഫേസ്ബുക്ക് പോസ്റ്റിനും ഖേദം പ്രകടിപ്പിക്കലിനും പിന്നാലെ സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു പ്രതിഭ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഭയോട് നേതൃത്വം വിശദീകരണം തേടിയിരുന്നു. വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് എന്നായിരുന്നു പ്രതിഭ നൽകിയ വിശദീകരണം. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ പ്രതിഭ ഉപേക്ഷിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയാണ് സിപിഎം നേതൃത്വം രേഖപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് എംഎല്‍എയുടെ വിശദീകരണം വാങ്ങി ഉടനടി പ്രശ്നത്തില്‍ തീരുമാനം എടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കിൽ എംഎൽഎക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസ്സര്‍ വ്യക്തമാക്കി.