കീവ്: യുക്രൈനില്‍ അതിക്രമിച്ച് കയറിയ 800 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അവകാശവാദം. 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തതായും അവര്‍ വെളിപ്പെടുത്തി. ഏഴ് റഷ്യന്‍ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും വെടിവെച്ച് വീഴ്ത്തിയെന്ന യുക്രൈന്‍ വിദേശകാര്യമന്ത്രാലയത്തിൻ്റെ റിപ്പോര്‍ട്ടുകള്‍ സി.എന്‍.എന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പ്രധാനമായും കീവ് ലക്ഷ്യമാക്കിയുള്ള റഷ്യയുടെ വ്യോമാക്രമണം തടയാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. യുക്രൈന്‍ തകര്‍ത്ത റഷ്യന്‍ വിമാനം ബഹുനില കെട്ടിടത്തില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്ത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റുമായി സംസാരിച്ചു. റഷ്യന്‍ ആക്രമണത്തിൻ്റെ ആദ്യ ദിവസം 137 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയുടെ റഷ്യയിലുള്ള മുഴുവന്‍ ആസ്തികളും മരവിപ്പിക്കുമെന്ന് ജോബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.
















