ചെന്നൈ: ടിക്കറ്റെടുക്കാതെ കയറുന്ന പോലീസുകാർ യാത്രക്കാരുടെ സീറ്റുകളിൽ സ്ഥാനം പിടിക്കുന്നത് ഇനി നടക്കില്ല. യാത്രയിൽ പോലീസ് ഉദ്യോഗസ്ഥർ ടിക്കറ്റോ മതിയായ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയിൽവെ. ടിക്കറ്റെടുക്കാതെ കയറുന്ന പോലീസ് ഉദ്യോഗസ്ഥർ യാത്രക്കാരുടെ സീറ്റുകൾ സ്വന്തമാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ദക്ഷിണ റെയിൽവെ ചെന്നൈ ഡിവിഷൻ സീനിയർ കൊമേഴ്‌സ്യൽ മാനേജർ പറഞ്ഞു.
എക്സ്‌പ്രസ് വണ്ടികളിലും സബർബൻ തീവണ്ടികളിലും ഡ്യൂട്ടിയിലുള്ളവരും അല്ലാത്തവരുമായ പോലീസുകാർ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നതായി ധാരാളം പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് തമിഴ്‌നാട് ഡിജിപിക്കും ചെന്നൈ പോലീസ് കമ്മിഷണർക്കും ചെന്നൈ ഡിവിഷൻ സീനിയർ കമേഴ്‌സ്യൽ മാനേജർ കത്തയച്ചിരുന്നു. ടിക്കറ്റ് പരിശോധകർ ആവശ്യപ്പെടുമ്പോൾ തിരിച്ചറിയൽ കാർഡാണ് അവർ കാണിക്കുന്നത്. ടിക്കറ്റെടുക്കാത്തവർ സീറ്റു കൈവശപ്പെടുത്തുന്നത് മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു. തുടർന്നാണ് പോലീസുകാർ ടിക്കറ്റെടുക്കണമെന്ന നിർദേശം കർശനമാക്കിയത്.