ന്യൂയോർക്ക്: യുക്രെയ്‌നിലെ സൈനിക നടപടി നിർത്തലാക്കണമെന്ന് അഭ്യർത്ഥിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.റഷ്യയുടെ നടപടി യുഎന്നിന്റെ പ്രമാണങ്ങൾക്കെതിരാണെന്നും തീർത്തും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും സെക്രട്ടറി ജനറൽ പ്രതികരിച്ചു.
തെറ്റായ നീക്കം തിരിച്ചെടുക്കാൻ സാധിക്കാത്തതല്ലെന്ന് പുടിൻ ഓർക്കണം. യുക്രെയ്‌നിലും പരിസര പ്രദേശങ്ങളിലും സാധ്യമായ മാനുഷിക സേവനങ്ങൾ യുഎൻ വർദ്ധിപ്പിക്കുകയാണ്. യുക്രെയ്ൻ ജനതയുടെ പ്രതിസന്ധി ഘട്ടത്തിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും എല്ലാ പിന്തുണകളും നൽകാനും യുഎൻ പ്രതിജ്ഞാബദ്ധരാണ്. ഏറ്റവും ദുർബലരായ ആളുകൾക്ക് അവർ ആരാണെന്നോ എവിടെയാണെന്നോ പരിഗണിക്കാതെ ജീവൻ രക്ഷോപാധികൾ ലഭ്യമാക്കുമെന്നും ആശ്വാസ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി ജനറൽ വ്യക്തമാക്കി.