കീവ്: കര്‍ക്കിവിലെ മെട്രോ സ്റ്റേഷനിലും ബോംബ് ഷെല്‍ട്ടറിലാണ് ജനങ്ങള്‍ അഭയം പ്രാപിച്ചിരിക്കുന്നതെന്ന് കര്‍ക്കിവില്‍ താമസിക്കുന്ന മലയാളി ഷഹീം മുഹമ്മദ് പറഞ്ഞു. നഗരത്തില്‍ നിന്ന് ആരും ഒഴിഞ്ഞുപോയിട്ടില്ല. ഷെല്ലിംങ്ങില്‍ നിന്ന് രക്ഷപ്പെടാന്‍ താല്‍ക്കാലികമായി മാറിയിരിക്കുകയാണ്. 12 മണിക്കൂര്‍ കൂടി ഇത്തരത്തില്‍ തുടരാനുള്ള വെള്ളവും ഭക്ഷണവും കൈവശമുണ്ടെന്നും റോഡ് മാര്‍ഗമുള്ള യാത്ര സുരക്ഷിതമല്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഷഹീം അറിയിച്ചു.
അതേസമയം, യുക്രൈന്‍ യുദ്ധത്തിൻ്റെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തില്‍. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈയ്നിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രൈയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു.
റഷ്യന്‍ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന പ്രസ്താനയുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി. റഷ്യന്‍ സൈനിക സംഘം യുക്രൈന്‍ ആസ്ഥാനമായി കീവില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് സെലന്‍സ്‌കി പറഞ്ഞു. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്. അതിനുശേഷം അവര്‍ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സലന്‍സ്‌കി ആരോപിച്ചു.