കീവ്: കീവിലെ ജനങ്ങള്‍ക്ക് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കി യുക്രൈന്‍ ഭരണകൂടം. കീവ് നഗരവാസികള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, യുക്രൈനിലെ ചെര്‍ണോബിലില്‍ റഷ്യന്‍ സേനയെത്തി. ഇവിടുത്തെ ആണവ അവശിഷ്ട സംഭരണ കേന്ദ്രം സൈന്യം തകര്‍ത്തതായി സൂചനയുണ്ട്.
യുക്രൈനിലെ ആന്റനോവ് എയര്‍പോര്‍ട്ടും, കീവില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഹോസ്റ്റമല്‍ എയര്‍പോര്‍ട്ടും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു കഴിഞ്ഞു. വ്യോമാക്രമണത്തിലൂടെ വടക്കന്‍ യുക്രൈനിലെ സുമി നഗരത്തിലേക്ക് റഷ്യന്‍ സൈന്യം കടന്നിരിക്കുകയാണ്. ഇതിനിടെ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാന്‍ ശ്രമം ആരംഭിച്ചു.
ഇതിനായി യുക്രൈൻ്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘത്തെ അയച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാസ്‌ക്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രത്യേക സംഘത്തെ അയച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇന്ന് രാത്രി ആശയവിനിമയം നടത്തും. യുക്രൈന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാട് മോദി പുടിനോട് വിശദീകരിക്കും. ഇന്ത്യന്‍ പൗരന്മാരുടെ നാട്ടിലേക്കുള്ള മടക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. റഷ്യ തന്നെയാണ് ഇത്തരത്തിലുള്ള ചര്‍ച്ച വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത്.