ന്യൂഡൽഹി: റഷ്യ-യുക്രൈന് യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാന്‍ ശ്രമം. ഇതിനായി യുക്രൈൻ്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘത്തെ അയച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാസ്ക്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രത്യേക സംഘത്തെ അയച്ചത്. അതിനിടെ യുക്രൈനിലെ ചെര്‍ണോബിലിലും റഷ്യന്‍ സേനയെത്തി.
അവിടത്തെ ആണവ അവശിഷ്ട സമ്പരണ കേന്ദ്രം റഷ്യന്‍ സേന തകര്‍ത്തതായാണ് സൂചന. യുക്രെയ്നിലെ ഇന്ത്യക്കാരെ സഹായിക്കാൻ ഈ രാജ്യങ്ങളുടെ അതിർത്തിയിൽ പ്രത്യേക സംഘമെത്തും. യുക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലെത്തിച്ച് അവിടെ നിന്നും വ്യോമമാർഗം നാട്ടിലെത്തിക്കുകയാവും ചെയ്യുക.
രക്ഷാപ്രവർത്തനം ഏകോപിക്കാൻ പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. നിലവിൽ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകുന്നത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.