ഫ്രാൻസ്: യുക്രെെനിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ യുക്രൈന് പൂർണ പിന്തുണയറിയിച്ച് ഫ്രാൻസ്. യുക്രെെനിന് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഇമ്മാനുവൽ മാക്രോണിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ശേഷം യുക്രൈനുമായുള്ള പിന്തുണ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ പറഞ്ഞു. എന്നാൽ കരിങ്കടൽ വഴി റഷ്യൻ കപ്പലുകൾ അനുവദിക്കരുതെന്ന് തുർക്കിയോട് യുക്രൈൻ അഭ്യർത്ഥിച്ചു.
അതേസമയം റഷ്യയുടെ സൈനിക നീക്കത്തെ ‘അധിനിവേശം’ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന് ചൈന അറിയിച്ചു. ഇരു രാജ്യങ്ങളോടും സമദൂരപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വളരെ മുന്‍വിധി കലര്‍ന്ന ഒരു പ്രയോഗവും ചിന്തയുമാണ് അതെന്നും ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു. എല്ലാ കക്ഷികളും സംയമനം പാലിക്കണം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ചുന്‍യിങ് പറഞ്ഞു.
സൈനിക കേന്ദ്രങ്ങൾക്ക് പിന്നാലെ യുക്രെെൻ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തി റഷ്യ. വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് തരത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യോമാക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യുക്രെെൻ പ്രതിരോധ മന്ത്രാലയത്തിന് സമീപമായാണ് ഇന്റലിജൻസ് ആസ്ഥാനം സ്ഥിതിചെയ്യുന്നത്.