കിയവ്: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും എംബസിയുടേയും സഹായത്തോടെ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി. അധിക വിദ്യാര്‍ഥികളും മെഡിക്കല്‍ ഫീല്‍ഡിലുള്ളവരാണെന്നും ക്ലാസുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് അവര്‍ യുക്രൈനില്‍ തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
13 സര്‍വകലാശാലകളിലായാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. 182 പേരാണ് നോര്‍ക്കയില്‍ അറ്റസ്റ്റ് ചെയ്ത് യുക്രൈനിലേക്ക് പോയിട്ടുള്ളത്. ആകെ എത്ര വിദ്യാര്‍ഥികളുണ്ടെന്ന് കൃത്യമായ കണക്കില്ല. യുദ്ധം ആരംഭിച്ചതോടെ സാഹചര്യം മാറി. സര്‍വകലാശാലകളില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസ് ലഭിക്കുമെന്ന ഉറപ്പിനായി കാത്തിരുന്ന വിദ്യാര്‍ഥികളെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്.
സാഹചര്യം മാറിയതോടെ നാട്ടിലെത്തണമെന്ന ആഗ്രഹത്തിലാണ് ഇവരെല്ലാം ഇപ്പോഴുള്ളത്. ഇതുവരെ 152 വിദ്യാര്‍ഥികള്‍ യുക്രൈനില്‍ നിന്ന് നോര്‍ക്കയുമായി ബന്ധപ്പെട്ടു. ഇവരുടെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. നേരത്തെ വന്ന വിമാനങ്ങള്‍ നാട്ടിലെത്തിയവരും ആ ആ കണക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നോര്‍ക്ക സിഇഒ പറഞ്ഞു.
ഓൺലൈൻ ക്ലാസ് സംബന്ധിച്ച തീരുമാനം യൂനിവേഴ്സിറ്റി പ്രഖ്യാപിക്കുമോയെന്ന് അറിയാനാണ് ഇത്രയും നാൾ ഞങ്ങൾ കാത്തുനിന്നത്. തീരുമാനം വൈകുമെന്നായപ്പോൾ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ, യുദ്ധസാഹചര്യത്തിൽ ഈ വിമാന സർവീസ് റദ്ദാക്കുകയായിരുന്നു. ഇപ്പോൾ ആശങ്കയിലാണെന്നും യുക്രെയ്നിലെ ഒഡേസയിൽ മെഡിക്കൽ വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശി അപർണ വേണുഗോപാൽ പറഞ്ഞു.