പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ഇതിനായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്നും രണ്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികകൾ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റി നിശ്ചയിച്ചു. ഇതോടെ, പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ വിദഗ്ദരായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ പരിയാരത്ത് ചുമതല യേൽക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നിലവിലെ പ്രിൻസിപ്പാൾ ഡോ: കെ അജയകുമാർ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ സീനിയർ പ്രൊഫസർ കൂടിയാണ്.
സർക്കാർ ഏറ്റെടുത്ത ശേഷം പരിയാരത്ത് ഇരുപതോളം ഡോക്ടർമാരെ മറ്റ് മെഡിക്കൽ കോളേജിൽ നിന്നും സ്ഥലം മാറ്റം വഴിയും പി.എസ്.സി. മുഖാന്തിരവും നിയമിച്ചിരുന്നു. ഇതിനുപുറമെ, ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ പ്രൊഫസർ തസ്തികയിൽ ഒരാളും ചുമതലയേറ്റെടുത്തു. ഇവർക്ക് പുറമെയാണ് പ്ലാസ്റ്റിക്ക് സർജറി വിഭാഗത്തിൽ രണ്ട് ഡോക്ടർ മാരുടെ സേവനം കൂടി കോളേജിൽ ലഭ്യമാവുന്നത്.

















