മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരായ ഹവാല ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസ് അന്വേഷണം ദുബായിലേക്ക്. വിദേശത്തേക്ക് ഹവാല വഴി പണം കടത്തിയെന്ന ഇ.ഡി.യുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുബായിലെ വിവരശേഖരണത്തിനായി ലെറ്റേഴ്സ് റോഗറ്ററി (എൽ.ആർ.) അഥവാ ലെറ്റർ ഓഫ് റിക്വസ്റ്റ് കൈമാറാനാണ് ഇ.ഡിയുടെ നീക്കം.
ഇതിനായി കൊച്ചി പി.എം.എൽ.എ. കോടതിയിൽനിന്ന് അനുമതി തേടിയശേഷം ഇ.ഡി. ചോദ്യങ്ങൾ തയ്യാറാക്കും. കോടതിയുടെ അനുമതി ലഭിച്ച ശേഷം ഈ കത്ത് ധനകാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറുകയും തുടർന്ന് ദുബായ് അധികൃതർക്ക് നൽകുകയുമാണ് ചെയ്യുക. ദുബായിലെ ഏജൻസികൾ അന്വേഷിച്ച് ഔദ്യോഗികമായി നൽകുന്ന വിവരങ്ങൾ ലഭിച്ചശേഷമായിരിക്കും മുഹമ്മദ് റിയാസിന് ഇ.ഡി സമൻസ് അയക്കുക.
വരുമാന സ്രോതസ്സിന് അപ്പുറമുള്ള 20 കോടിയിലധികം രൂപയുടെ പണമിടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. അറിയിക്കുന്നത്. ടി. വീണയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത റെഡ് ബുക്കിൽ ഇതുസംബന്ധിച്ച വിവരങ്ങളുണ്ടെന്നും റിയാസിന്റെ നിർദേശപ്രകാരം ഹവാല ചാനലിലൂടെ അഞ്ചുതവണയായി 1.2 കോടി രൂപ വിദേശത്തേക്ക് കൊണ്ടുപോയെന്ന് സുഹൃത്തുക്കൾ മൊഴിനൽകിയിട്ടുണ്ടെന്നും ഇ.ഡി. പറയുന്നു. ഗാർമെന്റ് ബിസിനസ് തുടങ്ങുന്നതിന്റെ ഭാഗമായാണ് പണം കടത്തിയതെന്നാണ് ഇ.ഡി. വൃത്തങ്ങൾ നൽകുന്ന സൂചന.















