ഷാർജ: തിരക്കേറിയ അൽ താവൂൻ ജനവാസ മേഖലയിൽ സ്കൂൾ ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഉച്ചക്ക് 2.52നാണ് അപകടം ഉണ്ടായതെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. സമയോചിതമായി ഇടപെട്ട് 15 മിനിറ്റിനുള്ളിൽ തീ അണക്കാൻ സാധിച്ചതാണ് തുണയായത്. ആർക്കും പരിക്കില്ലെന്നും ബസ് ഭാഗികമായി കത്തിനശിച്ചതായും അധികൃതർ പറഞ്ഞു. കത്തുന്ന ബസിനുള്ളിൽനിന്ന് വിദ്യാർഥികളെ പെട്ടെന്ന് ഇറക്കാൻ കഴിഞ്ഞു. ബസ് ആളിക്കത്തിയതോടെ പുകച്ചുരുളുകൾ പ്രദേശമാകെ നിറഞ്ഞിരുന്നു. ബസ് കത്തുന്ന രംഗങ്ങൾ പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. അപകടരംഗങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് ചട്ടം.