കോട്ടയം : മകൻ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി മാനസിക വെല്ലുവിളികൾ നേരിടുന്ന അമ്മയും സഹോദരങ്ങളും. കോട്ടയം കുറുപ്പന്തറ മാഞ്ഞൂർ നടുപ്പറമ്പിൽ പരേതനായ പുരുഷന്റെ മകൻ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 50 വയസുള്ള അജിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കുന്നുണ്ട്. അജിയുടെ മാതാവ് ചെല്ലമ്മ (80), ചെല്ലമ്മയുടെ മറ്റു മക്കളായ മിനി (52), രാജു (40) എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ്.
വീടിൻറെ അറ്റകുറ്റ പണികൾക്ക് പഞ്ചായത്തിൽ നിന്ന് പണം അനുവദിച്ചിരുന്നു. ഇതിൻറെ രേഖകളുമായി എത്തിയ പഞ്ചായത്തംഗമാണ് അജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന് സുഖമില്ലെന്നും വെള്ളമല്ലാതെ മറ്റൊന്നും കഴിക്കുന്നുമില്ലെന്നുമായിരുന്നു പഞ്ചായത്ത് അംഗത്തോട് ചെല്ലമ്മ പറഞ്ഞത്. ഇതിനേത്തുടർന്നാണ് പഞ്ചായത്ത് അംഗം സാലിമോൾ വീട്ടിലേക്ക് കയറി പരിശോധിച്ചത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. പഞ്ചായത്ത് അംഗം ചെല്ലുന്ന സമയത്ത് ചെല്ലമ്മയും ഇളയമകൻ രാജുവും അജിയുടെ മൃതദേഹം കിടന്നിരുന്ന മുറിയിൽ കട്ടിലിന്റെ താഴെ കിടക്കുകയായിരുന്നു. പഞ്ചായത്തംഗം അറിയിച്ചതിനെത്തുടർന്ന് സമീപവാസികളും പൊലീസും എത്തി മൃതദേഹം വൈക്കം ഗവ. ആശുപത്രിയിലേക്കു മാറ്റി.