ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വേദി പങ്കിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
അമേഠിയിലെ അഞ്ച് നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അമേഠി ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി വയനാട്ടില്‍ പോയെന്ന യോഗി ആദിത്യനാഥിൻ്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി മടങ്ങി വരുമെന്നായിരുന്നു അമേഠി ഡിസിസി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠിയുടെ വിശദീകരണം. അതേസമയം, ഉത്തര്‍പ്രദേശ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഘട്ടത്തില്‍ പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേഠിയിലും പ്രയാഗ് രാജിലും എത്തും.
ബഹ്‌റെച്ചില്‍ ആഭ്യന്തര മന്ത്രി അമിത്ഷാ റാലിയെ അഭിസംബോധന ചെയ്യും. ഇന്നലെയാണ് യുപിയില്‍ നാലാം ഘട്ട വോട്ടെടുപ്പ് നടന്നത്. നാലാംഘട്ടത്തില്‍ 59 മണ്ഡലങ്ങളിലായി 60 ശതമാനത്തിനടുത്താണ് പോളിങ് രേഖപ്പെടുത്തിയത്.