കണ്ണൂർ: കണ്ണൂര്‍ തലശ്ശേരിയില്‍ കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ ആക്രമിക്കാന്‍ നടന്നത് വലിയ ഗൂഢാലോചനയെന്ന് വെളിപ്പെടുത്തല്‍. ഹരിദാസിന് നേരെ മുന്‍പും വധശ്രമം ഉണ്ടായതായാണ് വിവരം. ഹരിദാസ് കൊല്ലപ്പെട്ട ആക്രമണത്തിന് ഒരാഴ്ച മുന്‍പ് വകവരുത്താനായിരുന്നു അക്രമി സംഘം പദ്ധതിയിട്ടത്.
നിജിൽ ദാസിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടന്നതെന്ന് അറസ്റ്റിലായവർ കുറ്റ സമ്മത മൊഴി നൽകിയിട്ടുണ്ട്. കൊലയ്ക്ക് തൊട്ടു മുമ്പ് പ്രതിയായ ബിജെപി നേതാവ് ലിജേഷ്, ഫോണിൽ വിളിച്ച പോലീസുകാരനെയും ചോദ്യം ചെയ്യുന്നുണ്ട്. കണ്ണവം സ്‌റ്റേഷനിലെ സിപിഒ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. കൃത്യം നടന്ന ദിവസം കേസിലെ പ്രതിയായ തലശ്ശേരി ബിജെപി മണ്ഡലം പ്രസിഡന്റും വാർഡ് കൌൺസിലറുമായ ലിജേഷിനെ ഫോണിൽ വിളിച്ചിരുന്നു.
രാത്രി ഒരു മണിയോടെയാണ് ഫോൺ ചെയ്തത്. സംശയം തോന്നിയ അന്വേഷണ സംഘം ഫോൺ സംഭാഷണത്തെ പറ്റി ചോദിച്ചപ്പോൾ സിപിഒ സുരേഷ് നിഷേധിക്കുകയാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.
സുരേഷ് കോൾ ഡീറ്റേൽസ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ലിജേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഫോൺ ഡീറ്റേൽസ് പരിശോധിച്ചപ്പോൾ രാത്രി ഒരു മണിക്ക് സുരേഷും ലിജേഷും നാല് മിനുട്ടോളം സംസാരിച്ചതായി വ്യക്തമായി.
ലിജേഷിൻ്റെ ബന്ധുകൂടിയാണ് സിപിഒ സുരേഷെന്നാണ് അറിയാൻ കഴിയുന്നത്. ലിജേഷിനെ ചോദ്യം ചെയ്തപ്പോൾ നമ്പർ മാറിയാണ് വിളിച്ചതെന്നാണ് ഇയാൾ പറഞ്ഞത്. കേസിൽ ഇന്നലെയാണ് പുന്നോൽ സ്വദേശി നിജിൽ ദാസാണ് പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തിൽ ഉൾപ്പെടതെന്ന് പോലീസ് സംശയിക്കുന്നു. കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് തലശ്ശേരി നഗരസഭ വാർഡ് കൗൺസിലറുമായ ലിജേഷ് ഉൾപ്പടെ 4 ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്.