എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ. ഒരു ഫീച്ചര്‍ ഫിലിമോ വെബ് സീരിസോ ആകാൻ സാധ്യതയുള്ള വിഷയത്തിൽ ആര്യൻ വർക്ക് ചെയ്തു കൊണ്ടിരിക്കയാണെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. സംവിധാനമാണ് ആര്യന് താൽപര്യമുള്ള മേഖലയെന്ന് മുമ്പ് ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു.
സിനിമാനിർമ്മാണവുമായി ബന്ധപ്പെട്ട സർഗാത്മക പ്രവർത്തന മേഖലയിലാണ് ആര്യന് കൂടുതൽ താൽപര്യമെന്നും ഷാരൂഖ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ആമസോൺ പ്രൈമിനായുള്ള ഒരു വെബ് സീരീസും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിനായി ഒരു ഫീച്ചർ ഫിലിമും ആണ് ഇപ്പോൾ ഒരുങ്ങുന്നത്.
ആമസോൺ പ്രൈം തയ്യാറാക്കുന്ന സീരീസ് ഒരു കടുത്ത ആരാധകൻ്റെ ജീവിതത്തെക്കുറിച്ചാണെന്ന് പറയപ്പെടുന്നു. അതേസമയം ഫീച്ചർ ഫിലിം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രശസ്ത നോവലിസ്റ്റും തിരക്കഥാ കൃത്തുമായ ബിലാൽ സിദ്ധീഖിയുടെ ഒപ്പമാണ് രചന എന്നാണ് അറിയുന്നത്.